മരണത്തിൽ സംഭവിക്കുന്നത്..

മഴയ്ക്ക് പെയ്യണമെന്നുണ്ടായിരുന്നു…
മാനം മുഖം കറുപ്പിച്ചങ്ങനെ നിന്നു..
അലമാലകൾ പോലെ ഇടയ്ക്കിടയ്ക്ക് തേങ്ങലും നിശ്വാസവും ഉയർന്നു താണു..
നേരത്തെ വന്ന കാക്കകൾ പ്രധാന ചില്ലകളിൽ മുഖ്യാഥിതികളായി സ്ഥാനം പിടിച്ചു
വൈകി വന്ന ചിലർ സ്ഥാനത്തെ ചൊല്ലി മുറുമുറുപ്പ് തുടങ്ങി…
കാറ്റൊന്നു ദിശമാറി വീശിയാൽ കുരയ്ക്കുന്ന നായ പാതിയടഞ്ഞ കണ്ണുകളുമായി ധ്യാനാത്മകമായ മൗനവൃതത്തിലായിരുന്നു…..
നീല ടാർപ്പായക്കടിയിൽ
കസേരകൾ നിരന്നു കഴിഞ്ഞു…
ആളുകൾ ഒറ്റയായും കൂട്ടമായും
വന്നും പോയുമിരുന്നു…..
സ്ഥലത്തെ ദിവ്യന്മാർ അവിടിവിടെയായി കൂട്ടം കൂടിയിരുന്ന് ആഗോള ചർച്ചകൾക്ക്
തീകൊളുത്തി പുകച്ചുരുളുകളായി മുകളിലേക്കുയർത്തി വിട്ടു…….

കണ്ണീരും കഫവും ഒരുപാടൊഴുക്കി
തളർന്നു വാടിയ കണ്ണുകളൊരുപ്പിടി
ശവത്തിന്റെ തലക്കലും കാൽക്കലും…
വന്നുകേറുന്നവരുടെ  മാലയിലും, പൊൻവളയിലും
തട്ടിത്തടയുമ്പോൾ മാത്രം
പ്രകാശിക്കുന്ന കണ്ണുകൾ…..

മാവ് കിട്ടാഞ്ഞിട്ടാണോ എന്നറിയില്ല…
കോടാലി ചെന്ന് വീണത് തെങ്ങിലാണ്…
“മരിച്ചവനോ പോയി, എന്നെയും കൊല്ലണോ “യെന്ന തെങ്ങിന്റെ തേങ്ങൽ
പുറത്താരും കേൾക്കാതിരിക്കാൻ
കോടാലി പ്രത്യേകം ശ്രദ്ധിച്ചിരുന്നു…..
കൂടും കുട്ട്യോളും നഷ്ട്ടപെട്ട
ദുഃഖത്തിൽ മനംനൊന്ത
മരംകൊത്തി ശാപവാക്കുകളുരുവിട്ട്
ദൂരേക്ക് പറന്നുപോയി…

യുവധാര കോമളന്മാർ വട്ടംചുറ്റി
കുഞ്ഞാറ്റ കിളികളിൽ  നങ്കൂരമിട്ടു..
കനിയണെ കൃപാകടാക്ഷം എന്ന പ്രാർത്ഥനയോടെ……..

പിന്നാമ്പുറത്തെവിടെയോ ദിവ്യന്മാരൊരു കുപ്പിയുടെ കഴുത്തറുത്തു മിനുങ്ങി..
കാര്യങ്ങൾ ഒന്നുഷാറായി….
നായ ദീനാനാഥനായിരുന്നു….
വാലും ചുരുട്ടി മുൻകൈകളിൽ
താടിയും ചായ്ച്ചൊരു കിടപ്പ്…..
പിന്നിലൂടെ പോയ പൂച്ചയേയും പാടെ കണ്ടില്ലെന്നു നടിച്ചവഗണിച്ചു……..

പ്രതിപക്ഷത്തെ കുട്ടിനേതാവ് പണികളൊരുപാട്  ഒറ്റക്ക്‌
ചെയ്‌തുകൊണ്ടിരുന്നു
ഇല്ലാത്ത പണികളുണ്ടാക്കാനും മറന്നില്ല..

ശവം ഗാഢനിദ്രയിലായിരുന്നു..
ജീവനുള്ളപ്പോൾ ചിരിക്കാത്തവർ
ഇപ്പോളെടുത്ത് വന്നിരുന്ന് കരയുന്നതിന്റെ
യുക്തിവൈരുധ്യം എത്രമാത്രമെന്നു
ചിന്തിക്കയായിരിക്കും…..

ഒടുവിൽ തൊണ്ടപൊട്ടുമാറുച്ചത്തിലൊരു
അലമുറയുടെ അകമ്പടിയോടെ,  മണ്ണിലെ പുഴുക്കൾക്ക് വിട്ടു കൊടുക്കാതെ, ചിത ശവത്തെ മുഴുവനായി തിന്നു തീർത്തു….
അവധി ദിനമല്ലേ, ഒന്നിച്ച് കൂടിയതല്ലേ,
ദിവ്യന്മാർ ചാരം പാറിയ മണ്ണിലിരുന്ന്,
ആത്മാവിന് നിത്യശാന്തി നേർന്ന് കൊണ്ട്
രണ്ടു തുള്ളി വിരലിലെടുത്ത്
വായുവിൽ കുടഞ്ഞു..
ബാക്കി തുള്ളികൾ വയറ്റിലേക്കും….

പരലോക പ്രവേശനം നടത്തി,
മക്കളെ ഒരുനോക്കു വീണ്ടും കാണുവാൻ
കാലന്റെ കാലുപിടിച്ചു
സമ്മതം വാങ്ങിവന്നപ്പോൾ
അവസാന എപ്പിസോഡിനു
കണ്ണും കാതും കൊടുത്തെല്ലാവരും
കണ്ണീരോടിരിപ്പുണ്ടായിരുന്നു…..

ഒരുപക്ഷെ താൻ മരിച്ചപ്പോൾ കരഞ്ഞതിലുമേറെ അവരിപ്പോൾ
കരയുന്നില്ലേയെന്ന ശങ്കയോടെ
പുറത്തേക്കിറങ്ങി വായുവിൽ ലയിക്കാനൊരുങ്ങുമ്പോൾ,
നിർന്നിമേഷനായി ചായ്പ്പിൽ കിടന്ന നായ
ചാടിയെഴുന്നേറ്റു വാലാട്ടി കുരച്ച്
നിസംശയം അവന്റെ കൂറ് പ്രകടിപ്പിച്ചു…

One thought on “മരണത്തിൽ സംഭവിക്കുന്നത്..

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s