അകലുമെന്നറിയാമെങ്കിൽ അടുക്കാതിരിക്കുക

ഒരു നേർത്ത വിതുമ്പലോടെ,
ഉള്ളിലെ കനലുകളിൽ
ഇനിയും ചിലത് ബാക്കിയാക്കി,
ആ മഴയും പെയ്ത് തോർന്നു…
ദാഹിക്കുന്നെന്നു പറഞ്ഞപ്പോൾ
പരിഹാസ ചഷകം മുഖത്തെറിഞ്ഞ്
കാറ്റും കടന്നുപോയി…..

ഒരുപാട് ഗദ്ഗദങ്ങളും നിലവിളികളും പേറി
പെറ്റൊഴിയാൻ താവളം തിരയുന്ന
കാർമേഘങ്ങളെ ലക്ഷ്യമാക്കി,
കണ്ണിലവശേഷിച്ച കണ്ണുനീരും
ആവിയായി മുകളിലേക്കുയർന്നു……

കൊക്കുകൾ കൂർത്ത്
വളഞ്ഞൊരു കഴുകൻ
ദൂരെയിരുന്നെന്തോ കൊത്തി വലിക്കുന്നത്
കണ്ടങ്ങോട്ട്‌  ചെന്നു….
മണലിൽ പുതഞ്ഞ, മരവിച്ച
എന്റെ ദേഹവും
അഴുകാനൊന്നും അവശേഷിക്കാത്ത ഞാനും
ഇനിയും ബാകിയെന്തെന്നറിയാതെ
നിർന്നിമേഷരായി മുഖാമുഖം നോക്കിയിരുന്നു…..