കറുപ്പെന്നും കൂടെണ്ടാർന്നു…..
പെണ്ണായി ജനിച്ചതിനു
മുഖം കറുപ്പിച്ചോരച്ഛനും,
കുത്തുവാക്ക് കേട്ട്, കരഞ്ഞു, കൺതടങ്ങളിൽ കറുപ്പേറിയൊരമ്മയും,
കറമ്പികുറുമ്പീന്നു വിളിച്ചു കുഞ്ഞു കാലിൽ നുള്ളികൊണ്ടോടിയ കുഞ്ഞേട്ടനും,
ചെപ്പിലെ കണ്മഷിയെന്തിനായിടുന്നേന്നു ചോദിച്ച മുത്തശ്ശിയും,
കറുപ്പെന്നും കൂടെണ്ടെന്നു ഓർമിപ്പിച്ചോണ്ടിരുന്നു…….
കൂട്ടം വന്നു കൂടെ കളിക്കാത്തതും
കൂട്ടത്തിൽ കൂട്ടി നാട്ടിലും
കാട്ടിലും നടക്കാത്തതും
ഞാനും നിഴലും
ഇരട്ടപെറ്റതോയെന്നു ചോദിച്ചതും,
എല്ലാം കനല് വറ്റി കറുത്തൊരോർമ്മയായെൻ
നെഞ്ചിൽ കരുവാളിച്ചു കിടന്നു…..
കാക്കയെയാട്ടിയോടിച്ചു വെള്ളരിപ്രാവിനെ കയ്യൊണ്ടെടുത്ത് കിന്നാരം ചൊല്ലണ കുട്ടികിടാങ്ങളെ കണ്ടപ്പളെന്തിനോ കണ്ണീരു കുടുകുടാ താഴേക്കു ചാടിയിരുന്നു…..
കാതിനു പിന്നിലെ മറുകിൽ തൊട്ടിട്ടു കറമ്പിക്കും വരുമോ മറുകെന്നു ചൊല്ലി
കൂട്ടാരും ചുറ്റിലും നിന്നങ്ങു കലമ്പിയിരുന്നു…
കൂരിരുളിൽ ഒറ്റക്കിരുന്നു കരയുമ്പോളാശ്വാസം…
കണ്ണീരാരും കാണൂല്ലല്ലോ….
കരളുറച്ചു പ്രാർത്ഥിച്ച കാർവർണ്ണനും
തിരശ്ശീലയിൽ തൂവെള്ളയായി വന്നപ്പോൾ കണ്ണുകളെന്തിന് നൽകിയെ-
ന്നോർത്തവനെ ശപിച്ചപ്പളും,
നേട്ടങ്ങളൊരുപാട് കൊയ്തിട്ടും കോട്ടങ്ങളൊരുപാടുള്ളവനെ
കണവനായി കിട്ടിയപ്പളും
കറുപ്പ് കൂടെ തന്നെയുണ്ടാർന്നു…….
ഒടുവിൽ, അവൻ,
കറുപ്പൊരു കുറവായി കാണാത്തവൻ,
ആദ്യത്തെ കുഞ്ഞിനെ
കണ്മണി എന്ന് വിളിച്ചിട്ട് ,
സുന്ദരിയാണിവൾ നിന്നെപ്പോലെ
എന്നു പറഞ്ഞിട്ട്,
കാർമുടിയിൽ തഴുകി മൂർദ്ധാവിൽ ചൂടുള്ളൊരുമ തന്നപ്പോൾ
ഉള്ളിലെന്നോ ഉറഞ്ഞു കൂടി കുടുങ്ങി നിന്നൊരു പറ്റം കാർമേഘപാളികൾ ഒന്നിച്ചുടഞ്ഞു തിമർത്തു പെയ്തൊഴിഞ്ഞു പോയപോലെ…..
അന്നാദ്യമായി നിറചിരിയാൽ ചുറ്റിലും വെൺശോഭ പടർന്നപോലെ……
കാട്ടാനക്കുറുമ്പന്റെ കുസൃതിയോടെ
കറുപ്പപ്പോളും കൂടെത്തന്നെയുണ്ടാർന്നു…..