പൂമ്പാറ്റ ബാക്കിവെച്ചത്……..

ഇഷ്ടമെന്നൊരുവട്ടം പതിയെ ചൊല്ലി,
എന്റെ കാതുകളിൽ
പുതുമഴയായി പെയ്തിറങ്ങി,
മഴതോർന്നപ്പോൾ ഇഷ്ടമല്ലെന്നു
പലവട്ടം കലമ്പി, നിറമാർന്ന മഴവില്ലും വളച്ചൊടിച്ചെങ്ങോപ്പോയ് മറഞ്ഞവളേ…

നിന്റെ മൗനം ഒരു
പളുങ്കു പാത്രമായിരുന്നെങ്കിൽ,
കറുത്ത കണ്ടൻ പൂച്ചയായ് വന്ന്
ഞാനത് തട്ടി മറിച്ചേനേ…
ഇരുളിൽ അത് പൊട്ടിപിളരുന്നത് നോക്കിയിരുന്നേനെ….

വസന്തത്തിൻ  പുലർവേളയിൽ,
ഒരായിരം മഞ്ഞുത്തുള്ളികൾ നെയ്ത
പച്ച പട്ടുമെത്തയിൽ വിരിഞ്ഞുണർന്ന
എന്റെ  ചുണ്ടുകളിൽ നിന്ന്
തേൻ നുകർന്ന്, എന്നെ ചുംബിച്ച്,
ഇനിയും വരാമെന്ന് ചൊല്ലിയെങ്ങോ പോയ്മറഞ്ഞവളെ,
കിഴക്ക് നിന്നുയർന്നടിച്ച പൊടിക്കാറ്റിൽ
നിറം മങ്ങി ചുരുണ്ടെൻ
ഇതളുകൾ കൊഴിയവെ,
വഴി മുട്ടിയ വേരിനു മുകളിൽ,
ചീയുന്ന ജഡമായി ഞാനില്ലാതാകവേ,
ഒരു വേള നീ എന്നെ തേടി വന്നുവെങ്കിലെന്ന്
വ്യർത്ഥമായി ആശിച്ച് പോയ് ഞാൻ..

വീണ്ടുമൊരു പുതു വസന്തത്തിൽ
വിരിഞ്ഞ പൂവിലേക്ക് തേനുണ്ണാൻ
പൊൻചിറകുകൾ വീശി നീയണയവേ,
ഇങ്ങു മണ്ണിന്റെ
ഈർപ്പം വലിഞ്ഞ മടിത്തട്ടിൽ
ഇനിയുമൊരു ജന്മത്തിനായ്,
ഒരു പുത്തൻ വസന്തത്തിനായി
ഞാൻ കാത്തിരിപ്പൂ…

അത്  നിന്നെ സ്വന്തമാക്കാനല്ല,
എന്നിൽ വന്നു നീ
മറന്നു വെച്ച് പോയ പൂമ്പൊടിയും,
ഹൃദയത്തിൽ നട്ടുമുളപ്പിച്ച
ഒരു പിടി സ്വപ്നങ്ങളും തിരികെത്തരാൻ,  അത്രമാത്രം….

… ജോ…

Leave a comment