പുതുവഴി വെട്ടുന്നവരോട്….

മഴ പെയ്തു തണുത്ത മണ്ണിൽ നിന്നും
മഴപ്പാറ്റ  ഉയർന്നു വന്നപ്പോൾ  കണ്ടത്
വാർമഴവില്ലും വട്ട കൂണുകളും…
അച്ഛൻ പറഞ്ഞു വെളിച്ചമായിരിക്കണം
നിന്റെ  ലക്‌ഷ്യം,
മറ്റൊന്നിലും കണ്ണുടക്കരുത് ,
അമ്മ  പറഞ്ഞു  കൂട്ടം  വിട്ടൊരിക്കലും  പോവരുത്, കൂട്ടര് കുറ്റം പറയാനിടവരരുത്..
പകലിനെ ഭയക്കണം,
ഇരുളിനെ വെറുക്കണം,
വെളിച്ചം  അതുമാത്രമാവണം
നിന്റെ  ലക്‌ഷ്യം…..
സൂര്യാംശു കടലിനെ ചുംബിച്ചുണർത്തുന്ന കണ്ട് ചുവന്നു തുടുത്ത ആകാശവദനം  നോക്കിയിരുന്നപ്പോൾ
ഉള്ളിലൊരുപിടി സ്വപ്‌നങ്ങൾ തിരതല്ലിയുണർന്നു…
സന്ധ്യക്ക്‌  പൂത്തുലഞ്ഞ  മുല്ലപ്പൂവിൻ  ദലങ്ങൾ  അടുക്കിയ  മെത്തയിൽ  കിടക്കണം,
കാട്ടാറിന്റെ  കരയിൽ  ഓളങ്ങളൊരുക്കിയ  കച്ചേരി  കേൾക്കണം..
പുലരിയുടെ  കാറ്റേറ്റ്  വാങ്ങി തെന്നി പറക്കണം…..
വണ്ടുകൾക്കൊപ്പമിരുന്ന്   തേൻ  കുടിക്കണം
അമാവാസി രാവുകളിൽ മിന്നാമിനുങ്ങിനൊപ്പം മയിൽപ്പീലി കാവിലെ
പൂരം കാണാൻ പോവണം….

മൂത്തവർ  മുരണ്ടു  എങ്ങും  പോവരുത്  ഒന്നും  ചെയ്യരുത്…
വെളിച്ചമാവണം നിന്റെ   ലക്‌ഷ്യം…..
വെളിച്ചമാണു നമ്മുടെ  സ്വർഗ്ഗ കവാടം..
ഇഹലോക വാസം വെറും മിഥ്യ മാത്രം..
നമുക്ക് പരലോക വാസമൊരുക്കിയോൻ വെളിച്ചം…
ഇന്നലെ  പോയവർ  ഇനിയും തിരികെ വരാത്തതെന്തേയെന്നു ചോദിച്ചപ്പോൾ
അഹങ്കാരിയായി…
വെളിച്ചമല്ലാത്ത  പലതും  ഉണ്ടെന്ന്  പറഞ്ഞപ്പോൾ  താന്തോന്നിയായി…
ഒടുവിൽ അമ്മയുടെ കണ്ണീരിനും അച്ഛന്റെ നെടുവീർപ്പിനും മുന്നിൽ സ്വപ്‌നങ്ങൾ മണ്ണിട്ട് മൂടി, ഊഴം  വന്നപ്പോൾ
ഞാനും  പറന്ന് പൊങ്ങി,
വെളിച്ചം  തേടി യാത്രയായി……..

അടുക്കുന്തോറും കൂടിവന്ന ചൂടിലെന്റെ
ചിറകുകൾ കരിഞ്ഞു നിലത്തു വീണു
പിടയുമ്പോൾ അടുത്ത് കിടന്ന മൂത്തവർ ചൊല്ലി “നിന്റെ മൊഴികൾ ദൈവകോപം വരുത്തി, നീ ഒരു ശാപം കൊണ്ടവൻ, കുലംകുത്തി, ജന്മം പിഴച്ചവൻ ”

ശാപം തന്ന ദൈവവമല്ലേ സൃഷ്ടിയും നടത്തി മഹാനുഭാവായെന്നു ചോദിക്കുമ്പൊളേക്കും
കുഞ്ഞുറുമ്പുകൾ വന്നു
വിരുന്നുണ്ണുവാൻ തുടങ്ങിയിരുന്നു…..

ജീവനോടെ  കാർന്ന്  തിന്നുന്ന  ഉറുമ്പുകളോട്  യാചിച്ചത്  വെറുതെ  വിടണേ  എന്നല്ല……
കൊന്നിട്ട്  തിന്നണേ എന്നായിരുന്നു….

… ജോ…

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s