മരണമെത്തുന്ന നേരത്തും ഇമയനക്കാതെ
നിൻ മിഴിയിൽ നോക്കി, ഇനിയും
അറിയാൻ ബാക്കിയുള്ളോരനേകം
വർണ്ണങ്ങളറിയും ഞാൻ…
മരണം ഒരുവട്ടമെന്നെ പുൽകിയാൽ
പിന്നെ കാത്തിരിപ്പ്…
അത് നീ മരിക്കും വരെയല്ല…
എന്റെയീ ദേഹമഴിയും വരെ…
ആർത്തിയോടൊരായിരമണുക്കൾ
ചർമ്മവും കടന്നു മാംസവും കരണ്ട്
ഉള്ളിലേറുമ്പോൾ ഉണരുമെൻ സിരകൾ…
അതിലുറഞ്ഞ രക്തവും
അതിലലിഞ്ഞ നിന്നോടുള്ള പ്രണയവും
മണ്ണിലേക്കൊഴുകുകയായ് പിന്നെ..
ഭൂമിയുടെ ഉദരത്തിലൂടൊരു പ്രവാഹമായി,
നിൻ കാലൊച്ചയും തേടി അലയും ഞാൻ…
എന്റെ ഓർമ്മകളുമായി മണ്ണിനുമുകളിൽ
നീ തപിക്കുമ്പോൾ, ഇങ്ങു കീഴെ,
മണ്ണിന്റെ തണുപ്പിൽ നിന്റെ ഗദ്ഗദങ്ങൾക്ക്
കാതോർക്കും ഞാൻ…..
സ്വപ്നങ്ങൾ ചേർത്തുവെച്ച് നാമൊന്നിച്ച്
കെട്ടിപ്പടുത്ത വീടിന്റെ,
പിന്നാമ്പുറത്തൊരു മൂലയിലിരുന്ന്
ഏകാന്തതയുടെയും കുത്തുവാക്കുകളുടെയും
കൂരമ്പുകളേറ്റു നീ പിടയുന്നതും,
വിറയാർന്ന വിരലുകൾക്കൊണ്ടൊരു
കുഞ്ഞു കുഴിക്കുത്തി
അതിലൊരു പനിനീർ ചെടി
നട്ടുണർത്താൻ നോക്കുന്നതും,
നിന്റെ കണ്ണീർതുളളികൾ
അതിന്നു വളമായിത്തീരുന്നതും,
ഇങ്ങു മണ്ണിന്റെ കീഴിലിരുന്നറിഞ്ഞു ഞാൻ…
മണ്ണിലേക്കൂർന്നിറങ്ങി എന്നെ പൊതിഞ്ഞ
നിന്റെ സ്നേഹബാഷ്പങ്ങൾ
“പോകുമ്പോൾ എന്നെയെന്തേയിവിടെ
തനിച്ചാക്കി”യെന്നു ചോദിച്ചു വിതുമ്പിയപ്പോൾ, ഉത്തരമില്ലാത്തൊരു
നിശ്വാസമായുയർന്നു ഞാൻ……
നിന്റെ കണ്ണീരും അതിലെന്റെ
ജീവനും നൽകി നീ നട്ട ചെടിയൊരു
രാത്രി കൊണ്ട് വളർന്നതും,
പുലരിവെയിലിൽ നറുമണം പടർത്തിയൊരു
പൂവായി വിടർന്നതും നീയറിഞ്ഞില്ല…
നിദ്രയിൽ നിന്നുമുണരാൻ മടിച്ച നിന്നെയും
മണ്ണിനടിയിലേക്ക്,
നിത്യമാം മുക്തിയിലേക്ക് ഞാൻ കൈപിടിച്ചുയർത്തും വരെ…
മുകളിൽ, നമ്മുടെ ശിലാസ്മാരകങ്ങൾക്ക് മുകളിൽ,
നിന്റെ പനിനീർ ചെടിയിൽ ആദ്യമായി വിരിഞ്ഞ പൂവും സമർപ്പിച്ച് ഏവരും പിരിഞ്ഞുപോയപ്പോൾ,
ഇങ്ങു കീഴെ നിന്നെ ഞാൻ വീണ്ടുമറിയുകയായിരുന്നു…
മരണത്തിന്റെ ഈ മരവിപ്പിലും
എനിക്ക് നീയും നിനക്കു ഞാനും
മാത്രാമെന്ന് തിരിച്ചറിയുകയായിരുന്നു..
ഇനി യാത്ര…..
അനന്തമാം പ്രണയത്തിന്റെ നിത്യമാം സത്യമായി, നാമൊഴുകും ഭൂമിയുടെ ഉദരത്തിലൂടൊന്നിച്ചൊരു
ജീവനായി, ദേഹിയായ്, ദൂരേക്ക്….
ചുറ്റും അനേകരുണ്ടായിട്ടും ഒറ്റക്കിരുന്ന്
പനിനീർ ചെടികൾ നട്ട് കണ്ണീർ കൊണ്ടതിനെ നനച്ചു വളർത്തുന്നവരുടെയടുത്തേക്ക്…..